കർഷകർക്ക് നേരിട്ടുള്ള സാമ്പത്തിക സഹായം ഉറപ്പാക്കി, കാർബൺ പിടിച്ചെടുക്കുന്ന കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുമെന്നും കാർബൺ ക്രെഡിറ്റ് ക്ലെയിം ചെയ്യാൻ സംസ്ഥാനതല സംവിധാനം ഏർപ്പെടുത്തുമെന്നുമാണ് 2026-27ലെ പുതുക്കിയ കേരള ബജറ്റിലെ പ്രഖ്യാപനം.
2050ഓടു കൂടി കേരളത്തെ പൂർണമായ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി മാറ്റുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. കേരളത്തെ 2050ഓടു കൂടി സമ്പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി മാറ്റുമെന്ന് 2022-23ലെ ബജറ്റ് പ്രസംഗത്തിൽ അന്നത്തെ ധനമന്ത്രി കെ.എൻ. ബാലഗോപാലും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ അന്തരീക്ഷത്തിൽനിന്നു കാർബൺ പിടിച്ചെടുക്കുന്ന കാർബൺ ഫാമിംഗ് കേരളത്തിൽ നടപ്പാക്കുമെന്ന പ്രഖ്യാപനം ആദ്യമായാണ് സംസ്ഥാന ബജറ്റിൽ ഇടംപിടിക്കുന്നത്. കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങൾക്കും കാർബൺ വേർതിരിച്ചെടുക്കലിനും കാർബൺ ക്രെഡിറ്റ് നേടിയെടുക്കുന്നതിനുമുള്ള പദ്ധതികൾക്കായി ജൂൺ 22ന് അവതരിപ്പിച്ച പശ്ചിമ ബംഗാൾ ബജറ്റിൽ 200 കോടി രൂപയുടെ കാലാവസ്ഥാ ഫണ്ട് പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ പുതുക്കിയ ബജറ്റിൽ പ്രത്യേക കാലാവസ്ഥാ ഫണ്ടൊന്നും പ്രഖ്യാപിച്ചിട്ടില്ല.
കാർബൺ ന്യൂട്രലോ നെറ്റ് സീറോയോ?
കേരളത്തിൽ സർക്കാർ കൃഷിഫാമുകളും ചില പഞ്ചായത്തുകളും കാർബൺ ന്യൂട്രലാക്കുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തുന്നതായി കഴിഞ്ഞ ഏതാനും വർഷങ്ങളായി കേൾക്കുന്നുണ്ട്. 1997ലെ ക്യോട്ടോ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ടാണ് കാർബൺ ന്യൂട്രൽ എന്ന പദം പ്രയോഗത്തിലായത്. ഒരു കമ്പനി പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങൾക്ക് പകരമായി മറ്റൊരു രാജ്യത്തുനിന്നു കാർബൺ കുറയ്ക്കുന്നതിലൂടെ ലഭിക്കുന്ന കാർബൺ ക്രെഡിറ്റുകൾ വാങ്ങി കാർബൺ ബഹിർഗമനം തുലനാവസ്ഥയിലാക്കുന്നതാണ് കാർബൺ ന്യൂട്രൽ.
2015ലെ പാരിസ് കാലാവസ്ഥാ ഉടമ്പടി നിലവിൽ വന്നതോടെ കാർബൺ ന്യൂട്രൽ എന്ന പദം അപ്രസക്തമായി. പകരം നെറ്റ് സീറോ എന്ന പ്രയോഗം നിലവിൽവന്നു. കാർബൺ ഉത്സർജനം നെറ്റ് സീറോയാക്കുന്ന പ്രക്രിയ കുറെക്കൂടി ഊർജിതവും സമഗ്രവുമാണ്. മൂന്ന് സ്കോപ്പുകളിലുമുള്ള ഹരിതഗൃഹ വാതക ഉദ്വമനം കഴിയുന്നത്ര പൂജ്യത്തോട് അടുത്ത് കുറയ്ക്കുക, തുടർന്ന് അവശേഷിക്കുന്നവ ശാശ്വതമായി നീക്കം ചെയ്യുക എന്നിവയാണ് നെറ്റ് സീറോ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് എല്ലാ ഹരിതഗൃഹ വാതകങ്ങളെയും ഉൾക്കൊള്ളുന്നു.
നെറ്റ് സീറോ ലക്ഷ്യത്തിലെത്തുന്നതിന് ഓരോ രാജ്യവും ദേശീയമായി നിശ്ചയിച്ച സംഭാവനകൾ (എൻഡിസി) കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യുഎൻ ഫ്രെയിംവർക്ക് കൺവെൻഷന് റിപ്പോർട്ട് ചെയ്യണം. ഇന്ത്യ 2070ഓടെയാണ് നെറ്റ് സീറോ കൈവരിക്കാൻ ലക്ഷ്യമിടുന്നത്; യൂറോപ്യൻ യൂണിയൻ 2050ലും ചൈന 2060ലും. ദേശീയമായി നിശ്ചയിച്ച സംഭാവനകളിലെ (എൻഡിസി) ലക്ഷ്യങ്ങളുമായി ചേർന്നുപോകണമെങ്കിൽ കാർബൺ ന്യൂട്രൽ അല്ല, നെറ്റ് സീറോയാണ് സംസ്ഥാനം ലക്ഷ്യമിടേണ്ടത്.
കാർബൺ ഫാമിംഗ്
കാർബൺ ഫാമിംഗ് കർഷകർക്ക് വലിയ തോതിൽ അധികവരുമാനം നേടിക്കൊടുക്കുമെന്ന വൻ പ്രചാരണമാണ് അടുത്ത കാലത്ത് വിവിധ മാധ്യമങ്ങളിലൂടെ നടക്കുന്നത്. ഇന്ന് ഇന്ത്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാർബൺ ഫാമിംഗ് പദ്ധതികളിലെ കാർബൺ ക്രെഡിറ്റ് വിറ്റ് കിട്ടുന്ന പണം ഇടത്തട്ടുകാർ വഴി കർഷകരിലെത്തിക്കുമ്പോൾ കേരളത്തിൽ കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം ഉറപ്പാക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.
ആഗോള തലത്തിൽ അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതക പുറന്തള്ളലിന്റെ 18 ശതമാനം കൃഷിയിലും അനുബന്ധ മേഖലകളിലുംനിന്നാണ്. ഇന്ത്യയിൽ ഇത് 14 ശതമാനത്തിനടുത്താണ്. കന്നുകാലി വളർത്തൽ, നെൽകൃഷി എന്നിവയിൽനിന്നുള്ള മീഥെയ്ൻ ബഹിർഗമനത്തിന്റെ പ്രധാനസ്രോതസുകളാണ്. രാസവളങ്ങൾ, പ്രത്യേകിച്ച് നൈട്രജൻ രാസവളങ്ങൾ നൈട്രസ് ഓക്സൈഡ് പുറന്തള്ളലിന് കാരണമാകുന്നു. കാർഷികാവശിഷ്ടങ്ങളുടെ കത്തിക്കൽ, വളങ്ങളുടെ മോശപ്പെട്ട പരിപാലനം, ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള യന്ത്രങ്ങളുടെ പ്രവർത്തനം തുടങ്ങിയവയും കൃഷിയിൽനിന്നു ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളാൻ കാരണമാകുന്നു.
കാർബൺ ക്രെഡിറ്റുകൾ ലക്ഷ്യമാക്കി, അതിന് ഇണങ്ങുന്ന കൃഷിരീതികൾ സംയോജിപ്പിച്ചുകൊണ്ട് നടത്തുന്ന കൃഷിയെ കാർബൺ ഫാമിംഗ് എന്ന് വിളിക്കാം. ഇതിന് നിരവധി പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ പിന്തുടരണം. കാർബൺ ക്രെഡിറ്റ് ലഭിക്കുന്ന കാർഷിക പദ്ധതികളെ പൊതുവെ രണ്ടായി തരംതിരിക്കാം. അന്തരീക്ഷത്തിലെ കാർബൺ വേർതിരിച്ച് മണ്ണിൽ സംഭരിക്കുന്ന പദ്ധതികളാണ് ആദ്യത്തെ വിഭാഗം.
ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന പദ്ധതികളാണ് രണ്ടാമത്തെ വിഭാഗത്തിൽപെടുന്നത്. രാസവളങ്ങൾ കുറയ്ക്കുകയോ സൂക്ഷ്മാണുക്കൾ ഉൾപ്പെടെയുള്ള ബദൽ മാർഗങ്ങളിലൂടെ രാസവളങ്ങൾ ഒഴിവാക്കുകയോ ചെയ്യുന്നതാണ് ഒരു കൃഷി രീതി. നിലം ഉഴുന്നത് പരമാവധി ഒഴിവാക്കണം. വിള അവശിഷ്ടങ്ങൾ കത്തിക്കാതെ ശാസ്ത്രീയമായി സംസ്കരിക്കണം. തരിശിടരുത്. ആവരണ വിളകൾ കൃഷി ചെയ്യണം.
നെൽകൃഷിയിൽ നിന്നുള്ള മിഥെയ്ൻ ബഹിർഗമനം കുറയ്ക്കാൻ നേരിട്ട് വിതയ്ക്കുകയും ഒന്നിടവിട്ട് നനയ്ക്കുകയും ഉണക്കുകയും ചെയ്യുന്നതുപോലുള്ള സാങ്കേതിക വിദ്യകൾ സ്വീകരിക്കണം. കന്നുകാലി വളർത്തലിൽനിന്നു മിഥെയ്ൻ ബഹിർഗമനം കുറയ്ക്കണം. കാർഷിക വനവത്കരണം ഉൾപ്പെടെ വൃക്ഷാവരണം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. കൃഷി യന്ത്രങ്ങളുടെ പ്രവർത്തനത്തിന് ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കണം. ഇത്തരം കൃഷിരീതികൾ ഏറ്റെടുത്തു നടപ്പാക്കുമ്പോൾ കർഷകന് കാർബൺ ക്രെഡിറ്റുകൾ സമ്പാദിക്കാം.
സന്നദ്ധ കാർബൺ വിപണി
രണ്ട് തരം കാർബൺ വിപണികൾ നിലവിലുണ്ട്. സർക്കാരുകളും രാജ്യാന്തര ഏജൻസികളും നിയന്ത്രിക്കുന്ന നിയന്ത്രിത കാർബൺ വിപണിയും (സിസിഎം) കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സന്നദ്ധ കാർബൺ വിപണിയും (വിസിഎം). ആദ്യ വിപണിയിലെ പങ്കാളിത്തം നിർബന്ധിതമാണ്. സ്വന്തം ഇഷ്ടപ്രകാരം ചേരാവുന്ന സന്നദ്ധ കാർബൺ വിപണിയാണ് കർഷകർക്ക് പങ്കെടുക്കാവുന്ന കാർബൺ വിപണി. കർഷകർ നേരിട്ടല്ല കാർബൺ ക്രെഡിറ്റ് വില്പന നടത്തുന്നത്.
കർഷകർക്ക് പുറമെ, പദ്ധതി നടപ്പാക്കുന്ന പ്രോജക്ട് ഡെവലപ്പർമാരായ സ്വകാര്യ ഏജൻസി അല്ലെങ്കിൽ സന്നദ്ധ സംഘടന, പദ്ധതി സ്വതന്ത്രമായി വിലയിരുത്തി സർട്ടിഫൈ ചെയ്യുന്ന മൂന്നാം ഏജൻസി എന്നിവരുടെയും പങ്കാളിത്തം ഇതിലുണ്ടാകും. പദ്ധതികൾ മൂന്നാമത്തെ ഏജൻസിയുടെ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യണം. വെറ, ഗോൾഡ് സ്റ്റാൻഡാർഡ് തുടങ്ങിയവയാണ് ഈ മേഖലയിലെ പ്രധാന രജിസ്ട്രേഷൻ പ്ലാറ്റ്ഫോമുകൾ. വെറയിൽ മാത്രം ഇന്ത്യയിൽനിന്ന് 140ലേറെ കാർഷിക കാർബൺ ക്രെഡിറ്റ് പദ്ധതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കാർബൺ ക്രെഡിറ്റുകൾ
അന്തരീക്ഷത്തിൽനിന്നു നീക്കം ചെയ്യുന്നതോ വേർതിരിച്ച് ഇല്ലാതാക്കുന്നതോ ബഹിർഗമനം ഒഴിവാക്കുന്നതോ ആയ ഒരു മെട്രിക് ടൺ കാർബൺ ഡയോക്സൈഡിനോ തത്തുല്യമായ ഹരിതഗൃഹ വാതകത്തിനോ നൽകുന്നതാണ് ഒരു കാർബൺ ക്രെഡിറ്റ്.
ഇത്തരം ക്രെഡിറ്റുകൾ കാർബൺ വിപണിയിൽ വിറ്റ് കാശാക്കാം. പ്രകൃതി സൗഹൃദ കൃഷിരീതികളിലൂടെ ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കുകയോ വേർതിരിച്ചെടുത്ത് സംഭരിക്കുകയോ ചെയ്യുന്ന കർഷകർക്കും കാർബൺ ക്രെഡിറ്റ് വിറ്റ് പണം നേടാം. അന്താരാഷ്ട്ര വിപണികളിൽ ഒരു കാർബൺ ക്രെഡിറ്റിന് 700 മുതൽ 1500 രൂപ വരെയാണ് വില. വിശ്വസനീയതയുള്ള പ്രീമിയം കാർബൺ ക്രെഡിറ്റിന് വില ഇതിലും കൂടും. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ പിന്തുടരുന്ന ഒരു കർഷകന് ഒരു ഹെക്ടറിൽ നിന്ന് രണ്ടു മുതൽ ആറ് വരെ കാർബൺ ക്രെഡിറ്റുകൾ സൃഷ്ടിക്കാം. ചില അനുകൂല സാഹചര്യങ്ങളിൽ ഇത് 10 വരെയാകാം.
കാർബൺ വിപണി
ഹരിതഗൃഹ വാതക ബഹിർഗമനത്തിന്റെ തീവ്രത കുറച്ചുകൊണ്ടുവന്ന് നെറ്റ് സീറോയിൽ എത്തിക്കേണ്ടത് കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനും മനുഷ്യരാശിയുടെ നിലനിൽപ്പിനും അനിവാര്യമാണ്. 1997ലെ ക്യോട്ടോ പ്രോട്ടോക്കോൾ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായി മൂന്നു തരം കാർബൺ വിപണി സംവിധാനങ്ങൾക്ക് വ്യവസ്ഥ ചെയ്തിരുന്നു.
ഹരിതഗൃഹ വാതകം പുറംതള്ളുന്നതിൽ മുൻനിരയിലുള്ള വികസിത രാജ്യങ്ങൾക്കും കമ്പനികൾക്കും കാർബൺ ബഹിർഗമനം കുറയ്ക്കുന്ന മറ്റ് രാജ്യങ്ങളിൽനിന്നു ന്യൂനീകരണ ക്രെഡിറ്റുകൾ വാങ്ങാൻ അനുമതി നൽകുന്ന ശുദ്ധ വികസന തന്ത്രമായിരുന്നു അതിലൊന്ന്. ക്യോട്ടോ പ്രോട്ടോക്കോളോടെയാണ് രാജ്യാന്തര കാർബൺ വിപണി നിലവിൽവന്നത്.
2015ലെ പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ ആർട്ടിക്കിൾ 6 പ്രകാരം കാർബൺ ക്രെഡിറ്റുകളുടെ വിപണനത്തിലൂടെ ഓരോ രാജ്യത്തിനും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും അവരുടെ ദേശീയമായി നിശ്ചയിക്കപ്പെട്ട സംഭാവനകളുടെ (എൻഡിസി) ലക്ഷ്യം നേടുന്നതിനും പരസ്പരം സഹായിക്കുകയും സഹകരിക്കുകയും ചെയ്യാം. ഏതെങ്കിലും ഒരു രാജ്യത്ത് നടക്കുന്ന മലിനീകരണത്തിന് മറ്റൊരു രാജ്യത്ത് നടക്കുന്ന ലഘൂകരണ പ്രക്രിയയിലൂടെ പരിഹാരം കണ്ടെത്തുന്ന മാർക്കറ്റിംഗ് തന്ത്രമാണ് കാർബൺ വിപണനം.
കാലാവസ്ഥാ വ്യതിയാനം ആഗോള പ്രതിഭാസമായതിനാൽ ലോകത്ത് എവിടെ നടക്കുന്ന കാർബൺ ബഹിർഗമനത്തിനും പകരമായി മലിനീകരണം നടത്തുന്ന കമ്പനികൾക്ക് മറ്റൊരിടത്തുനിന്ന് കാർബൺ ക്രെഡിറ്റുകൾ വാങ്ങാം. തങ്ങളുടെ മൊത്തം കാർബൺ ബഹിർഗമന കണക്കിൽനിന്നു തട്ടിക്കിഴിക്കാം. കാർബൺ ക്രെഡിറ്റുകൾ ഉത്പാദിപ്പിക്കുന്ന കർഷകർക്കും മറ്റുള്ളവർക്കും മതിയായ പ്രതിഫലം നൽകി ഈ ക്രെഡിറ്റുകൾ വിപണിയിൽനിന്നു വാങ്ങാം. അങ്ങനെ കടലാസിൽ കാർബൺ ബഹിർഗമനം നെറ്റ് സീറോയായി കാണിച്ച് വ്യവസായം തുടരാം.
(തുടരും)